സ്ഥലനാമങ്ങൾക്കെല്ലാം ഒരു ഉൽപത്തി കഥ ഉണ്ടാവുക സ്വഭാവികമാണ്. കൊടുംവനങ്ങളിൽ പോലും സ്ഥല പ്രകൃതിയുമായി ബന്ധപ്പെടുത്തി സ്ഥലനാമങ്ങൾ ഉണ്ട്. മലയും പുഴയും തടാകങ്ങളും സ്ഥലനാമത്തോട് ചേർന്നുവരും. ആരാധനാലയങ്ങൾ ചില പ്രാചീന ഭവനങ്ങളുടെ പേരുകൾ ഇവയും സ്ഥലനാമങ്ങളായി തീരാറുണ്ട്. ചില പരിണാമങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെ പെരുമ്പിള്ളിച്ചിറയുടെ ആദ്യരൂപം പള്ളിച്ചിറ എന്നായിരുന്നു എന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.
പുരാതനമായ മൈലക്കൊമ്പ് പള്ളിയുടെയും മുതലക്കോടം പള്ളിയുടെയും ഏകദേശം മദ്ധ്യഭാഗത്ത് സ്വാഭാവികമായുണ്ടായിരുന്ന ഒരു തടാകമാണ് പെരുമ്പിള്ളിച്ചിറ. ആറാം നൂറ്റാണ്ടിനുമുമ്പ് തന്നെ സ്ഥാപിതമായ മൈലക്കൊമ്പ് സെന്റ് തോമസ് ദൈവാലയം കിഴക്കിന്റെ ആദ്യകൈ്രസ്തവ ദൈവാലയമാണ്. ആദിമസഭയിൽ ശിശു മാമ്മോദീസാ ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായി ക്രിസ്തുവിന്റെ ജീവിതരീതികളിലും പ്രബോധനങ്ങളിലും ക്രിസ്ത്യാനികളുടെ പരസ്നേഹപ്രവർത്തനങ്ങളിലും താത്പര്യം തോന്നിയവർക്കാണ് മാമ്മോദീസാ നൽകിയിരുന്നത്. സ്നാപകയോഹന്നാനിൽ നിന്ന് യേശു ജ്ഞാനസ്നാനം സ്വീകരിച്ച മാതൃകയിലാണ് ആദിമസഭയിൽ എല്ലായിടത്തും മാമ്മോദീസ നൽകിയിരുന്നത്. പൗരാണികമായ മൈലക്കൊമ്പ് പള്ളിയിൽ നിന്നും ജ്ഞാനസ്നാനത്തിന് ഉപയോഗിച്ചിരുന്ന ജലാശയമായിരുന്നു ഇത്. അങ്ങനെ ഇൗ ജലാശയത്തിന് പെരുപളളിച്ചിറ എന്ന പേര് വരികയും കാലക്രമേണ ഇന്നത്തെ പെരുമ്പിള്ളിച്ചിറയായി മാറുകയും ചെയ്തു എന്നാണ് എെതീഹ്യം.
മൈലക്കൊമ്പ് - മുതലക്കോടം - ഏഴല്ലൂർ - നാകപ്പുഴ എന്നീ പളളികളിലേയ്ക്ക് പെരുമ്പിള്ളിച്ചിറ ഗ്രാമത്തിൽ നിന്നും നാലഞ്ചു കിലോമീറ്റർ ദൂരമുണ്ട്. യാത്രാസൗകര്യത്തിന് പാടവരമ്പുകളും കയ്യാലത്തൊണ്ടുകളും മാത്രമേ അന്നുണ്ടായിരുന്നുള്ളു. ഇൗ സാഹചര്യത്തിൽ ഇവിടെ ഒരു ദൈവാലയം വേണമെന്ന ആഗ്രഹം പ്രബലപ്പെട്ടുവരികയും ഇവിടുത്തെ പ്രമുഖ കുടുംബത്തിൽ പെട്ട പലരും ഒന്നുചേർന്ന് 1965-ൽ ആലോചിക്കുകയും ചെയ്തു.
അനേകം പേരുടെ പ്രാർത്ഥനയുടെയും നിസ്വാർത്ഥസേവനത്തിന്റെയും ദൈവകാരുണ്യത്തിന്റെയും ഫലമാണ് ഇൗ നാടിനനുഗ്രഹമായി വിരാജിക്കുന്ന വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഇൗ ദൈവാലയം.
ഇവിടെ പള്ളി പണിയുന്നതിന്റെ പ്രാരംഭമായി മുതലക്കോടം ഇടവകാതിർത്തിയിൽപ്പെട്ട 2 ഏക്കർ 72 സെന്റുള്ള ചീമ്പാറയിൽ പുരയിടത്തിൽ പടിഞ്ഞാറുഭാഗം ഒരു ഏക്കർ എഴുപത്തിയാറു സെന്റുള്ള സ്ഥലം (15 പേർ) വീതപിരിവ് എടുത്തുവാങ്ങി. അതിനുശേഷം കോതമംഗലം അരമന കച്ചേരിയിൽ അനുവാദത്തിനായി അപേക്ഷ സമർപ്പിച്ചു. യാതൊരു യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന ഇൗ പ്രദേശത്തേയ്ക്ക് ആദ്യമായി കയ്യാല തൊണ്ടുകൾ ഇടിച്ചു നിരത്തി ഇരുവശത്തുമുളള ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുതന്നു. അങ്ങനെയാണ് പെരുമ്പിള്ളിച്ചിറ-കാഞ്ഞിരംപാറ റോഡുണ്ടാക്കിയത്. ഇൗ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രദേശവാസികൾ ഏകമനസ്സോടെ കയ്യും മെയ്യും മറന്ന് പ്രയത്നിച്ച് പൂർത്തീകരിച്ചു. ഇത് അവിസ്മരണീയമായ ഒരനുഭവമാണ്. ഇൗ ഗ്രാമപ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ആദ്യപൊതുവഴിയും ഇതാണ്. തുടർന്ന് വിശ്വാസികൾ രാപ്പകൽ ശ്രമദാനം ചെയ്ത് ബലി കർമ്മാദികൾ നടത്തുവാൻ അതിമനോഹരമായ ഒരു വലിയ ഷെഡ് കെട്ടിയുണ്ടാക്കി.
മിക്കവാറും എല്ലാ പള്ളികളുടെയും തുടക്കം ഇതുപോലുള്ള നെടുംപുരകളിൽ നിന്നായിരിക്കും. പിന്നീട് വി.കുർബാന അർപ്പിക്കുവാൻ അനുവാദവും ലഭിച്ചു. അതോടൊപ്പം തന്നെ വേദപാഠക്ലാസ്സുകളും കുർബാനയ്ക്കുശേഷം പ്രസ്തുത ഷെഡിൽ വച്ച് എല്ലാ ഞായറാഴ്ചയും നടത്തുമായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിൽ കുന്നുംപുറത്ത് മേരി ടീച്ചറും കല്ലൂർക്കുന്നേൽ യോഹന്നാൻ സാറും മറ്റുമാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്.
1969 മാർച്ച് 29-ന് ബഹു. വികാരി ജനറാൾ മാത്യു വെള്ളാങ്കൽ ഇടവക ജനത്തിനുവേണ്ടി ഇവിടെ പ്രഥമബലിയർപ്പിച്ചു. തുടർന്ന് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മൈലക്കൊമ്പിൽ നിന്നും വൈദികർ വന്നാണ് ബലികർമ്മാദികൾ നടത്തി വന്നത്. 1969 ഒക്ടോബർ മാസം 23-ാം തീയതി പള്ളി പണിയുന്നതിന് അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷ മുതലക്കോടം, മൈലക്കൊമ്പ്, ഏഴല്ലൂർ ഇടവകയിൽ ഉൾപ്പെട്ട 72 വീടുകൾ ചേർന്ന് അരമനകച്ചേരിയിൽ സമർപ്പിച്ചു 30.10.1969-ൽ 660/69-ാം നമ്പർ കല്പന പ്രകാരം (40000) നാല്പതിനായിരം രൂപ മുടക്കിൽ 91`ത 31`ത20` അളവിൽ പള്ളി പണിയുന്നതിന് അനുവാദം ലഭിച്ചു. 30.11.1969-ൽ പെരി. ബഹു. മാർ മാത്യു പോത്തനാമൂഴി പിതാവ് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് ദൈവാലയത്തിന് അടിസ്ഥാന ശില സ്ഥാപിച്ചു. ഇക്കാര്യങ്ങളിൽ അരമനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന യശശ്ശരീരനായ ബഹു. മഞ്ചപ്പിള്ളിൽ ജേക്കബ് അച്ചനെ ഇൗയവസരത്തിൽ സ്നേഹാദരങ്ങളോടെ അനുസ്മരിക്കുന്നു.
നിലവിലുള്ള പള്ളിയുടെ തറഭാഗത്തുനിന്നു പള്ളിപ്പണിയ്ക്കാവശ്യമായ ചെങ്കല്ല് വെട്ടി മാറ്റിയെടുത്തു. തറ ലെവൽ ചെയ്തപ്പോൾ ആ ചെങ്കല്ലും മണിക്കാലിനു മുകളിലുള്ള സ്ഥലത്തുണ്ടായിരുന്ന വലിയ ഒറ്റക്കല്ലുകൾ മേൽഭാഗത്തുനിന്നും ജനങ്ങൾ ഉരുട്ടി തറഭാഗത്ത് എത്തിച്ചു. ഇങ്ങനെ ജനങ്ങളുടെ കഠിനപരിശ്രമത്താലാണ് ആവശ്യമായ കരിങ്കല്ലും മറ്റും ശേഖരിച്ചത്. ഇൗ സമയത്ത് മുതലക്കോടം പള്ളിയുടെ പുനർനിർമ്മാണവും ആരംഭിച്ചിരുന്നു. അതിനാൽ ഇൗ പള്ളിയുടെ പണി കൂടി ഏറ്റെടുത്ത് നടത്തുവാൻ പ്രയാസമായതിനാൽ അന്ന് മൈലക്കൊമ്പ് പള്ളി വികാരിയായിരുന്ന ബഹു. മാത്യു മാതേയ്ക്കലച്ചന്റെ മേൽനോട്ടത്തിൽ പള്ളി പണി ആരംഭിച്ചു. മൈലക്കൊമ്പ് പള്ളിയിലെ പ്രഭാതകുർബാനയ്ക്കുശേഷം മാതേയ്ക്കലച്ചൻ ഇവിടെ വന്ന് എല്ലാ പണികൾക്കും നേതൃത്വം നൽകുകയും ചെയ്തിരുന്നു. അന്നത്തെ ആ സാഹചര്യത്തിൽ വളരെയേറെ കഷ്ടപ്പാടുകൾ അദ്ദേഹത്തിനു സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് സാമ്പത്തിക സ്ഥിതിയും വളരെമോശമായിരുന്നു.
പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങളെ ഒാർക്കുമ്പോൾ ഇടവകാംഗങ്ങളുടെയെല്ലാം സഹകരണം സ്മരണീയമാണ്. അതിൽത്തന്നെ മൂന്നും നാലും വ്യക്തികളുടെ പേര് പ്രത്യേകം സ്മരിക്കേണ്ടതാണ്. കല്ലൂർക്കുന്നേൽ കുഞ്ഞാഗസ്തി, കുന്നുംപുറത്ത് ഒൗസേപ്പ് , ചീമ്പാറയിൽ (എടാട്ടേൽ) കൊച്ച്, കൂട്ടുങ്കൽ കുര്യാക്കോസ് ഇവർ പള്ളിപ്പണിയുടെ എല്ലാ ദിവസവും രാവിലെ മുതൽ തങ്ങളുടെ കാർഷികപ്രവൃത്തികൾ പോലും ഉപേക്ഷിച്ച് പണികൾക്ക് നേതൃത്വം നല്കാനായി ഉണ്ടായിരുന്നു. കല്ലൂർക്കുന്നേൽ കുഞ്ഞാഗസ്തിയും, കുന്നുംപുറത്ത് കുര്യാക്കോസും വളരെക്കാലത്തേയ്ക്ക് പള്ളിയുടെ നടത്തിപ്പുകാരായിരുന്നു. ചീമ്പാറായിൽ കൊച്ചും കൂടെയുണ്ടായിരുന്നു. കൂട്ടുങ്കൽ കുര്യാക്കോസ് പള്ളി പണിയ്ക്കുവേണ്ടിയുള്ള പണപ്പിരിവിനായി മുന്നിലുണ്ടായിരുന്നു. പള്ളി സ്ഥാപിക്കുന്നതിന് നേതൃത്വം നല്കിയതും പള്ളിയ്ക്കുവേണ്ടി സ്ഥലം വാങ്ങുന്നതിന് പണം മുടക്കുന്നതിൽ മൂന്നിലൊരു ഭാഗം വഹിച്ചതും കളരിപ്പറമ്പിൽ എെപ്പാണ്. ശ്രമദാനമായി പള്ളി പണി നടത്തിയപ്പോൾ അതിൽ പങ്കെടുത്തവർക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പിക്കൊടുത്ത അമ്മമാരെയും ഇൗ അവസരത്തിൽ നന്ദിയോടെ സ്മരിക്കേണ്ടതാണ്. പെരുമ്പിള്ളിച്ചിറ പ്രദേശത്തുള്ള ഹിന്ദു സഹോദരന്മാരുടെയും അദ്ധ്വാനം നമ്മുടെ പള്ളി പണിയ്ക്ക് ലഭിച്ചിട്ടുണ്ട്. പള്ളിയ്ക്കകത്തുള്ള കുരിശിന്റെ വഴിയുടെ രൂപങ്ങൾ ഇൗ ഇടവകയിലെ അമ്മമാരുടെ സംഭാവനയാണ്. പള്ളിയുടെ എല്ലാകാര്യങ്ങൾക്കും ആദ്യം മുതലേ കപ്യാരായി നമ്മോടൊപ്പം ഉള്ള മുണ്ടുനടയിൽ ജോണിയുടെ സേവനം വളരെ സ്തുത്യർഹമായി തന്നെ ഇന്നും മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.
പണി പൂർത്തിയാക്കിയതിനുശേഷം വെഞ്ചിരിപ്പും കഴിഞ്ഞ് ഏഴല്ലൂർ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ബഹു. മാത്യു കാക്കനാട്ട് അച്ചനെ പള്ളി വികാരിയായി നിയമിച്ചു. ഇവിടെ വൈദികഭവനം ഇല്ലാതിരുന്നതിനാൽ ഏഴല്ലൂർ താമസിച്ചാണ് പള്ളിയിലെ കാര്യങ്ങളെല്ലാം നിർവഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഒരു വൈദികന്റെ അനുദിനബലിയർപ്പണത്തിനും മറ്റു സേവനങ്ങൾക്കും ഇതൊരു തടസ്സമായി വന്നു. ഇതിനെ തുടർന്ന് വൈദികമന്ദിരം പണിയുന്നതിനെ സംബന്ധിച്ചുള്ള ആലോചനകൾ ആരംഭിക്കുകയും 30.04.1973-ൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അനുവാദം ലഭിച്ചതിനുശേഷം കല്ല്, മരം പണികൾക്ക് ആശാരിമാരുടെ തച്ച് ഒഴികെ മറ്റെല്ലാ പണികളും ഇടവക ജനത്തിന്റെ ശ്രമദാനവും സംഭാവനയും ആയിരുന്നു. അങ്ങനെ വൈദിക ഭവനത്തിന്റെ പണിപൂർത്തിയാക്കി. പള്ളി വികാരിയ്ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ലഭിച്ചതിന്റെ വെളിച്ചത്തിൽ ദൈവാലയതിരുക്കർമ്മങ്ങൾ ഭംഗിയായി നിർവ്വഹിക്കുവാൻ സാധിക്കുകയും ചെയ്തു. ഇതോടൊപ്പം സിമിത്തേരിയുടെ പണിയും പൂർത്തിയായി. 14.04.1978-ൽ അഭിവന്ദ്യ പിതാവ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പള്ളിയും വൈദികഭവനവും സിമിത്തേരിയും ഒൗപചാരികമായി വെഞ്ചിരിച്ചു.
ബഹു. ജോസഫ് മക്കോളിൽ അച്ചന്റെ ത്യാഗോജ്ജലമായ സേവനഫലമായി ഇടവകസമൂഹത്തിന്റെ നിസ്തുലമായ സഹായ സഹകരണത്തോടെ നിലവിലുള്ള സ്കൂൾ കെട്ടിടം പണി പൂർത്തിയാക്കി. ഫാ. സിറിയക്ക് മണിയാട്ടച്ചന്റെ കാലത്ത് ഇതിൽ യു.പി. സ്കൂളിന് അനുമതിയും വാങ്ങിയിട്ടുള്ളതാണ്. യശഃശ്ശരീരനായ ബഹു. മാത്യു കാക്കനാട്ടച്ചൻ വികാരിയായിരുന്ന കാലത്താണ് പള്ളിയും പള്ളിമുറിയും ടൗൺ കപ്പേളയും പണി തീർത്തിട്ടുള്ളത്. ഇടവക ജനത്തെ എെക്യത്തോടെ ശൈശവദശയിൽ കൈപിടിച്ച് നടത്തിയ ഒരു അനുഗ്രഹീത വ്യക്തിത്വമായിരുന്നു ബഹു. കാക്കനാട്ടച്ചന്റേത്.
ഇൗ പള്ളി സ്ഥാപിക്കുന്നതിനും അതിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്കും ആത്മീയവും ഭൗതികവുമായ നേതൃത്വം വഹിച്ചത് അന്ന് മൈലക്കൊമ്പ് പള്ളി വികാരിയായിരുന്ന ബഹു. മാത്യു മാതേയ്ക്കലച്ചനാണ്. മൈലക്കൊമ്പ് പള്ളിയുടെ വകയായിരുന്ന ഇലഞ്ഞിയ്ക്കൽ പറമ്പ് വിറ്റുകിട്ടിയ പണം അദ്ദേഹം പ്രത്യേകം താത്പര്യമെടുത്ത് പെരുമ്പിള്ളിച്ചിറ പള്ളിയ്ക്ക് നല്കിയിട്ടുള്ളതാണ്. മൈലക്കൊമ്പിൽ അന്ന് അസിസ്റ്റന്റ് വികാരിയായിരുന്ന ജോസഫ് പുതിയകുന്നേൽ അച്ചനും, ഇമ്മാനുവൽ വട്ടക്കുഴിയച്ചനും പള്ളി പണിയുന്നതിന് വേണ്ടുന്ന സേവനങ്ങൾ ചെയ്തിട്ടുണ്ട്.